Skip to main content

സാമൂഹ്യ ധാര്‍മികത നാസ്തികതയിലും ഇസ്‌ലാമിലും (5)

ധാർമികത ഇസ്ലാമിൽ..!
  ___________
    ഇസ്‌ലാമിന്റെ സാമൂഹ്യ ധാര്‍മിക വശങ്ങളെ ഒരു ചെറിയ ലേഖനം കൊണ്ട് വിശദീകരിക്കാൻ കഴിയില്ല. എന്നാല്‍ നാസ്തിക ദര്‍ശനങ്ങളുമായുള്ള അതിന്റെയൊരു താരതമ്യം ഈ വിഷയത്തില്‍ കൂടുതല്‍ ഉള്‍ക്കാഴ്ചക്ക് സഹായിച്ചേക്കാം. ആറാം നൂറ്റാണ്ടിലെ അറേബ്യയില്‍ പ്രവാചകന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഒരിസ്‌ലാമിക സമൂഹം സ്ഥാപിതമായി. കുത്തഴിഞ്ഞ ലൈംഗിക അരാചകത്വത്തിലും ഗോത്രപ്പകയിലും യുദ്ധങ്ങളിലും പെണ്‍ വിരോധത്തിലും ലഹരിയിലുമൊക്കെ മുങ്ങിക്കിടന്ന ഒരു സമൂഹം ഇസ്‌ലാം കൊണ്ട് പരിഷ്‌കൃതമാവുകയും രണ്ട് പതിറ്റാണ്ടുകള്‍ കൊണ്ട് ധാര്‍മികമായും മാനവികമായുമൊക്കെ ഉയര്‍ന്നു നില്‍ക്കുന്ന മാതൃകാപരമായ ഒരു സമൂഹം സൃഷ്ടിക്കപ്പെടുകയുമുണ്ടായി.

ഇവിടെ നവീകരണത്തിന് ഹേതുവായത് പ്രവാചകനും ഇസ്‌ലാമുമാണ്. എന്നാല്‍ ഇനി പ്രവാചകന്റെ സ്ഥാനത്ത് ഒരു നാസ്തിക സംഘമാണ് അവിടെ പകരമായുണ്ടായിരുന്നതെന്നു കരുതുക. എങ്കില്‍ എന്ത് നവോത്ഥാനമാണവിടെ സംഭവിക്കുക?

രക്തബന്ധമുള്ളവര്‍ക്കിടയില്‍ പോലും താല്‍പര്യമെങ്കില്‍ ലൈംഗിക ബന്ധമാകാമെന്ന് ഇന്നും പറയുന്ന നാസ്തികരെ സംബന്ധിച്ചിടത്തോളം ഏതൊരു ലൈംഗിക ദുരാചാരവും പ്രശ്‌നമാകില്ല എന്നുറപ്പാണ്. എന്നു മാത്രമല്ല ഇഷ്ടമുള്ളവര്‍ക്കിടയിലെല്ലാം ഇഷ്ടമുള്ളപ്പോഴെല്ലാം രമിക്കാന്‍ സാധിക്കണമെന്നും അതൊരു അവകാശമാണെന്നും വാദിച്ചു നടക്കുന്ന നാസ്തികരെ സംബന്ധിച്ച് ജാഹിലിയ്യത്തിന്റെ സകല അരാചകത്വങ്ങളും സാധുവായിരിക്കുകയും ചെയ്യും.

ജീവിതം ആസ്വദിക്കാന്‍ മാത്രമുള്ളതാണെന്ന ആശയം നല്‍കുന്ന നാസ്തിക ലോക വീക്ഷണ പ്രകാരം മദ്യവും ലഹരിയുമൊക്കെ ആസ്വദിക്കാന്‍ മാത്രമാണല്ലോ യുക്തിയുള്ളത്. അഥവാ യാതൊരു നവീകരണ നിലവാരവുമില്ലെന്നു മാത്രമല്ല നിലനില്‍ക്കുന്ന ദുരാചാരങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ മാത്രമേ നാസ്തികത പ്രേരണയാകുന്നുള്ളൂ. വാസ്തവത്തില്‍ ജാഹിലിയ്യത്തിന്റെ കാരണം പോലും വ്യക്തികളുടെ സ്വാര്‍ഥ സുഖ ലാഭങ്ങള്‍ക്കനുസരിച്ചുള്ള ജീവിതം സാംസ്‌കാരികമായി സ്ഥാപിക്കപ്പെട്ടതാണ്. നാസ്തികതയും ഇതിന് മാത്രമാണ് പ്രേരണയാകുന്നുള്ളൂ എന്ന് പറഞ്ഞാല്‍ അര്‍ഥം നാസ്തികത പരിഹാരമാകുന്നില്ലെന്നു മാത്രമല്ല പ്രശ്‌നങ്ങളുടെ ഹേതു കിടക്കുന്നതു പോലും ഭൗതികവാദത്തിലാണ് എന്നാണ്.

അഥവാ വ്യക്തിനിഷ്ഠമായി ധാര്‍മികത മെനയുന്നിടത്തല്ല വസ്തുനിഷ്ഠമായൊരു ധാര്‍മിക വ്യവസ്ഥക്ക് കീഴ്‌പ്പെടുന്നിടത്താണ് മാനവികതയും മെച്ചപ്പെട്ടൊരു സമൂഹവും ഉണ്ടാവുന്നത്. ഇസ്‌ലാം സാമൂഹ്യമായി അത്തരമൊരു വ്യവസ്ഥയെ സൃഷ്ടിക്കുന്നുവെന്ന് മാത്രമല്ല അതിന്റെ മൂല്യങ്ങളെ ശക്തമായിത്തന്നെ നിലനിര്‍ത്താന്‍ ആവശ്യമായ സാമൂഹ്യ സംവിധാനങ്ങളും ഉപയോഗിച്ചിരിക്കുന്നതായി കാണാം.

ഇസ്‌ലാം അതിന്റെ സാമൂഹ്യമായ നീതിയെയും ധാര്‍മികതയെയും സ്ഥാപിക്കുന്നത് വ്യക്തിക്കും സമൂഹത്തിനുമിടയിലുള്ള സമന്വയത്തിലൂടെയും കൂട്ടുത്തരവാദിത്തത്തിലൂടെയുമാണ്. സമൂഹത്തിന്റെ അടിത്തറയെന്ന നിലക്ക് വ്യക്തികളില്‍ സാമൂഹ്യ മന:സാക്ഷിയെ നിര്‍മിച്ചും സമൂഹത്തില്‍ പൊതുവായവ നിലനില്‍ക്കാന്‍ നിയമങ്ങളെ ഉപയോഗിച്ചുമൊക്കെ ഇത് പ്രവര്‍ത്തിക്കുന്നു.

കുറച്ച് മതകീയമായ അരുതായ്മകളെ കല്‍പ്പിക്കുകയല്ല, മറിച്ച് കൊള്ളയും കൊലയും വഞ്ചനയും വ്യഭിചാരവും അനീതികളുമൊക്കെ ഇസ്‌ലാമില്‍ അരുതായ്മകളാകുന്നത് അത് സമൂഹത്തിന് വിനാശകരമാകുന്നതുകൊണ്ടു കൂടിയാണ്. നീതി പുലര്‍ത്താനും സദാചാരം അനുഷ്ഠിക്കാനുമുള്ള ഇസ്‌ലാമിക കല്‍പനകള്‍ ഉണ്ടാകുന്നത് മെച്ചപ്പെട്ട സമൂഹത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാകുന്നതുകൊണ്ടാണ്. ഈ നിലക്ക് ഇസ്‌ലാമിന്റെ മന:സാക്ഷി തന്നെ നില്‍ക്കുന്നത് സമൂഹത്തിനൊപ്പമാണ്. ധാര്‍മിക വ്യവസ്ഥയുടെ സൃഷ്ടിക്ക് ഇസ്‌ലാം ഉപയോഗിച്ചിരിക്കുന്ന മാര്‍ഗങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.

1. ഒന്നാമതായി വസ്തു നിഷ്ഠമായ ഒരു ധാര്‍മിക വ്യവസ്ഥയെ സമൂഹത്തിന് നല്‍കാനായി ഇസ്‌ലാമിന് കഴിയുന്നു. അതുകൊണ്ട് തന്നെ ധാര്‍മികതയെ സംബന്ധിച്ച പൊതുബോധം സാമൂഹ്യമായിത്തന്നെ നിലനില്‍ക്കുന്നു.
2. മനുഷ്യനെ സൃഷ്ടിച്ച ദൈവമാണ് ഈ നിയമങ്ങളുടെയെല്ലാം സ്രഷ്ടാവ് എന്നതു കൊണ്ടു തന്നെ മനുഷ്യനെ പോലെ ആ നിയമങ്ങള്‍ക്കും വസ്തുനിഷ്ഠമായ ഒരസ്തിത്വവും മനുഷ്യ പ്രകൃതവുമായുള്ള യോജിപ്പും പ്രായോഗികതയുമുണ്ട്.
3. തന്റെ ഓരോ ചലനങ്ങളും റബ്ബ് അറിയുന്നുണ്ടെന്നും ഓരോ പ്രവര്‍ത്തിക്കും നാളെ മറുപടി പറയേണ്ടി വരുമെന്നുമുള്ള ചിന്ത റബ്ബിന്റെ നിയമത്തെ അനുസരിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു.
4. നന്മ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട മറ്റൊരു നല്ല ജവിതവും തിന്മ ചെയ്യുന്നവര്‍ക്ക് ദുഷിച്ച മറ്റൊരു ഭാവിയുമുണ്ടാകുമെന്ന ഇസ്‌ലാമിക ലോക വീക്ഷണം എന്തിന് നല്ല മനുഷ്യനാകണമെന്നതിന് യുക്തിഭദ്രമായ ന്യായം നല്‍കുന്നു.
5. ജീവിതം പരീക്ഷണമാകുന്നതു കൊണ്ടു തന്നെ സല്‍ക്കര്‍മങ്ങളിലൂടെ അതിനെ ജയിക്കൽ ജീവിത ലക്ഷ്യമാകുന്നു.
6. നീതി കല്‍പ്പിക്കലും അനീതികളെ തടയലും വ്യക്തികളുടെ ചുമതലയാകുന്നതു കൊണ്ടു ധാര്‍മിക യുക്തമായ സമൂഹം നിലനില്‍ക്കുന്നു.
7. വര്‍ഗ്ഗ വര്‍ണ്ണ ഭാഷാ ദേശങ്ങള്‍ക്കതീതമായി മുഴുവന്‍ മനുഷ്യര്‍ക്കും ഒരു ദൈവവും ഒരു നിയമ വ്യവസ്ഥയുമാണെന്ന സിദ്ധാന്തം വിഭാഗീയതകള്‍ക്കും സംഘട്ടനങ്ങള്‍ക്കും അതീതമായ സമൂഹത്തെ സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നു.

സമൂഹത്തിന്റെ അടിത്തറയെന്ന നിലക്ക് വ്യക്തികളില്‍ ധാര്‍മികമായ മന:സാക്ഷിയെ നിര്‍മിക്കാനും സാമൂഹ്യമായി അവയെ നിലനിര്‍ത്താനും ഇസ്‌ലാം സ്വീകരിച്ചിട്ടുള്ള നിയമ നിലപാടുകളുടെ ചുരുക്കരൂപം മാത്രമാണിത്. ഇസ്‌ലാമിന്റെ ഈ നിലപാടുകളെ മാത്രം ആശയരഹിതമായ നാസ്തിക ദര്‍ശനങ്ങളുമായി തുലനം ചെയ്യുന്നവര്‍ക്ക് അതിൻറെ സാമൂഹ്യവും ധാര്‍മികവും മാനവികവുമായ പ്രസക്തി ബോധ്യമാകുമെന്നുറപ്പാണ്.

Comments

Popular posts from this blog

ധാർമികത ഇസ് ലാമിലും നാസ്തികതയിലും 1

ധാര്‍മിക പ്രത്യയശാസ്ത്രങ്ങള്‍ എന്തുകൊണ്ട് മനുഷ്യന്‌ അനിവാര്യമായി വരുന്നു എന്ന് മനസ്സിലാക്കിത്തുടങ്ങുന്നത് മനുഷ്യ പ്രകൃതത്തെയും മന:ശാസ്ത്രത്തെയും വിലയിരുത്തിക്കൊണ്ട് തന്നെയാകണം. മനുഷ്യന്‍ അടിസ്ഥാനപരമായി നല്ലവന്‍ മാത്രമാണെന്നും അവനില്‍ നിന്ന് നല്ലതു മാത്രമേ ഉണ്ടാവൂ എന്നും അതുകൊണ്ടു തന്നെ പ്രത്യേകിച്ചൊരു മതവും ദര്‍ശനവും മാനവിക പരിവര്‍ത്തനത്തിന് ആവശ്യമില്ലെന്നുമൊക്കെ വിവരക്കേട് പറയുന്ന നാസ്തിക ബുദ്ധി ജീവികള്‍ മറുപക്ഷത്ത് നില്‍ക്കുമ്പോള്‍ അതൊരനിവാര്യത കൂടിയാണ്. കൊള്ളയും കൊലയും അഴിമതിയും തട്ടിപ്പും വെട്ടിപ്പും ബലാല്‍സംഘവും യുദ്ധങ്ങളുമൊക്കെ നിത്യവാര്‍ത്തയാകുന്ന കാലത്ത് ഒരു ദിവസത്തെ പത്ര വായനാ പരിചയമെങ്കിലുമുള്ള ഒരാള്‍ക്ക് ഇത്തരം നാസ്തിക മിഥ്യാ സങ്കല്‍പങ്ങളെ താലോലിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ചരിത്രത്തിലേക്ക് നോക്കിയാല്‍ പരസ്പരമുള്ള കടന്നാക്രമണങ്ങളും യുദ്ധങ്ങളും കൊണ്ട് ചുവന്നു കിടക്കുകയാണത്. എന്തുകൊണ്ടിതെല്ലാം എന്ന ചോദ്യത്തിന് മറുപടി മനുഷ്യ പ്രകൃതമങ്ങനെയും കൂടി ആയതുകൊണ്ടാണത് എന്ന് തന്നെയാണ്. മനുഷ്യന് അവന്റെ സ്വതന്ത്രമായ അസ്തിത്വത്തെയുപയോഗിച്ച് അധ:പതിക്കാനും ധാര്‍മികമായി ഉയരാന...

ധാർമികരാഹിത്യമാണ് നാസ്തികത.ജബ്ബാർ മാഷും സമ്മതിക്കുന്നു.

നിരീശ്വര പ്രസ്ഥാനക്കാര്‍ ചുമക്കുന്ന ധാര്‍മികരാഹിത്യത്തെയും ആശയ ശൂന്യതയെയും കൃത്യമായി അക്കമിട്ടു നിരത്തി സ്‌നേഹസംവാദത്തില്‍ കഴിഞ്ഞ രണ്ടു തവണയായി എഴുതിയ ലേഖനങ്ങള്‍ക്കും വന്‍ ശ്രദ്ധയാണ് നാസ്തിക ലോകത്തുനിന്നും ഉണ്ടാകുന്നത്. ഈ ലേഖനങ്ങളിലെല്ലാം നാസ്തികതയുടെ പൊള്ളത്തരം തുറന്നുകാട്ടി എഴുതിയതില്‍ ഒന്നിനും മറുപടിയില്ലാതെ സ്‌നേഹസംവാദത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങളെല്ലാം STRAW MAN വര്‍ത്തമാനങ്ങളാണെന്ന് ഇരവാദം പറഞ്ഞ് നാസ്തിക ഗ്രൂപ്പുകള്‍ കയറി ഇറങ്ങുന്ന തിരക്കിലാണ് ഒരു പ്രമുഖ യുക്തിവാദി നേതാവ് തന്നെയിപ്പോൾ. നിരീശ്വരവാദം ധാര്‍മികരഹിതമായ ഒരു സാമൂഹ്യ അവസ്ഥയുടെ സൃഷ്ടിക്ക് മാത്രമേ നിദാനമാവുകയുള്ളൂ എന്നു സ്ഥാപിച്ചുകൊണ്ടെഴുതിയ കഴിഞ്ഞ ലേഖനങ്ങൾക്കൊന്നും മറുപടി തരാന്‍ ഇല്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു യുക്തിവാദി മാഷ് ഇപ്പോള്‍ നാസ്തികതയെ തോട്ടിലെറിഞ്ഞ അവസ്ഥയാണ്! നിരീശ്വരവാദമെന്നത് വെറും വൈക്കോലുണ്ട മാത്രമാണെന്നും അതുകൊണ്ട് വെറും വൈക്കോലുണ്ടയായ നിരീശ്വരവാദത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്നും എഴുതി നാസ്തിക അണികളെ സഹതാപാര്‍ഹമായ രീതിയില്‍ സമാധാനിപ്പിക്കാന്‍ നോക്കിക്...

ദൈവത്തെയാര് സൃഷ്ടിച്ചു..?

ക ണ്‍മുന്നിലെ മഹാപ്രപഞ്ചത്തെയും അതിനു പിറകിലെ ആസൂത്രണത്തെയും ചൂണ്ടിക്കാട്ടി ദൈവത്തെ ബോധ്യപ്പെടുത്തുന്ന തത്വശാസ്ത്രപരമായ നിരവധി വാദങ്ങളുണ്ട്. ഉല്‍പത്തിയുള്ള എന്തിനും പിറകില്‍ അതിന് ഉല്‍പത്തി കുറിക്കാന്‍ മാത്രം പ്രാപ്തമായ ഒരു ഹേതു പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഉല്‍പത്തിയുള്ള പ്രപഞ്ചത്തിനും ഹേതുവാകാന്‍ പ്രാപ്തമായ പ്രപഞ്ചേതരമായ ഒരസ്തിത്വം ഉണ്ടാകണമെന്നും തത്വശാസ്ത്രപരമായി മനസ്സിലാക്കിത്തരുന്ന കോസ്‌മോളജിക്കൽ ആര്‍ഗ്യുമെന്റ് മുതല്‍ നിലനില്‍പ്പിന് സ്വന്തമായ വിശദീകരണം ഉള്‍ക്കൊള്ളാത്ത മറ്റൊന്നിനെ ആശ്രയിച്ചുമാത്രം നിലനില്‍ക്കുന്ന സകല പ്രപഞ്ച വസ്തുക്കളും തെളിയിക്കുന്നത് അനിവാര്യമായ നിലനില്‍പുള്ള ആതിഹേതുവായൊരസ്തിത്വത്തിനെയാണെന്ന് പറയുന്ന ലെബനീസിയന്‍ വാദങ്ങൾ വരെ ഫിലോസഫി അനുസരിച്ച് ദൈവാസ്തിത്വത്തിന് തെളിവുകള്‍ നിരവധി അനവധിയാണ്. സ്വാഭാവികമായും ജീവിതം തന്നെ വെറുതെയും യാദൃശ്ചികമായി എങ്ങനെയോ വീണു കിട്ടിയതാണെന്നും സ്വന്തം സ്വാര്‍ത്ഥ യുക്തിക്കനുസരിച്ച് തോന്നിയതുപോലെ ജീവിച്ചു തീരുക എന്നതിനപ്പുറം ജീവിതം കൊണ്ട് യാതൊരു അര്‍ത്ഥവും ഇല്ലെന്നും വിശ്വസിക്കാൻ ഇഷ്ടപ്പെടുന്ന ഭൗതിക വാദികള്‍ക്ക...