തുടക്കവും ഒടുക്കവും ഇല്ലാത്ത പ്രപഞ്ചത്തെക്കുറിച്ച് ചിന്തിക്കാനായിരിന്നു പ്രാചീനകാലം മുതല്‍ ഭൗതികവാദികള്‍ക്ക് താല്‍പര്യം. കാരണം പ്രപഞ്ചത്തിനൊരു തുടക്കമുണ്ടെന്നു വന്നു കഴിഞ്ഞാല്‍ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണെന്നും ആ സൃഷ്ടിപ്പിന് കാരണമായ ഒരു ദൈവമുണ്ടെന്നും പറയാന്‍ ന്യായമുണ്ടെന്നു വരും. കൂടാതെ പദാര്‍ത്ഥ പ്രപഞ്ചത്തിനുതന്നെ ഉല്‍പത്തി കുറിക്കാന്‍ കാരണമായി മറ്റെന്തെങ്കിലും ഉണ്ട് എന്നു പറയുന്നത് പദാര്‍ത്ഥലോകത്തിനതീതമായ മറ്റെന്തൊക്കെയോ ഉണ്ടാകാം എന്നു സമ്മതിക്കലാണ്.
ഇതൊന്നുമൊരിക്കലും പദാര്‍ത്ഥമാത്രവാദികളായ ഭൗതികവാദികള്‍ക്ക് അംഗീകരിക്കാനോ ഉള്‍ക്കൊള്ളാനോ കഴിയുന്നതല്ല. അതുകൊണ്ട് തന്നെ പ്രപഞ്ചാരംഭമില്ലെന്നു പറയുന്ന സ്റ്റഡി സ്റ്റേറ്റ് തിയറികള്‍ പോലുള്ളവയില്‍ വിശ്വസിക്കാനായിരുന്നു ഭൗതികവാദികള്‍ക്ക് താല്‍പര്യം.
പക്ഷേ പിന്നീട് ലഭിച്ച ശാസ്ത്രീയ തെളിവുകളൊന്നും ഭൗതികവാദത്തിന് അത്ര അനുകൂലമായവ അല്ലായിരുന്നു. പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടാകാം എന്ന അനുമാനത്തിലേക്ക് ആദ്യമെത്തുന്നത് ഐന്‍സ്റ്റീൻ തിയറികളുടെ ഗണിതശാസ്ത്ര വ്യാഖ്യാനങ്ങളില്‍ നിന്നായിരുന്നു.
എന്നാല്‍ 1929ല്‍ എഡ്‌വിൻ ഹബ്ബ്ള്‍ തന്റെ ടെലിസ്‌കോപ്പിലൂടെ ഗ്യാലക്‌സികളില്‍നിന്നും ചുവപ്പുനീക്കം എന്ന പ്രതിഭാസം കണ്ടെത്തുകയും ഇതില്‍നിന്നും അകലെയുള്ള ഗ്യാലക്‌സികൾ നമ്മില്‍നിന്നും അകന്നുപോവുകയാണെന്നും അതിനര്‍ത്ഥം പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്നതിനും നിരീക്ഷണാത്മകമായ തെളിവ് ശാസ്ത്രലോകത്തിനു ലഭിച്ചു.
ഇങ്ങനെ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നതാണെങ്കില്‍ ഇന്നലെകളില്‍ പ്രപഞ്ചത്തിന്റെ വലുപ്പം ഇതിലും ചെറുതായിരിക്കണമല്ലോ. ഇങ്ങനെ കാലങ്ങള്‍ പിറകോട്ട് പോയാല്‍ സര്‍വതും ഒന്നിച്ചുചേര്‍ന്നിരുന്ന ഒരു സിംഗുലാരിറ്റി അവസ്ഥയില്‍ എത്തും. അഥവാ സര്‍വ പ്രപഞ്ചത്തിനും ഒരു സിംഗുലാരിറ്റി അവസ്ഥയില്‍ നിന്നുള്ള തുടക്കമുണ്ട്. കൂടാതെ പ്രപഞ്ചത്തിന്റെ ആരംഭദിശകളിലെ താപനിലയെ മനസ്സിലാക്കിത്തരുന്ന കോസ്മിക് ബേക്ക് ഗ്രൗണ്ട് റേഡിയേഷനുകളും പ്രപഞ്ചാരംഭത്തിനുള്ള തെളിവുകളാണ്.
അഥവാ പ്രപഞ്ചത്തിനൊരു ഉല്‍പത്തി ഉണ്ടെന്ന കാര്യം ശാസ്ത്രലോകം അംഗീകരിച്ചു കഴിഞ്ഞതാണ്. ഉല്‍പത്തി ഉണ്ടെങ്കില്‍ ഉല്‍പത്തിക്കു കാരണമായ സ്രഷ്ടാവും ഉണ്ടായിരിക്കണം എന്ന തത്വശാസ്ത്രപരമായ വാദങ്ങളെ ശരിവെക്കുന്നതുതന്നെയാണ് ഈ ശാസ്ത്രവീക്ഷണങ്ങളെല്ലാം.
അതുകൊണ്ട് തന്നെ പ്രപഞ്ചാരംഭമുണ്ടെന്ന സത്യത്തെ നിരാകരിക്കാന്‍ കഴിയില്ലെന്നു വന്ന ഭൗതികവാദികളുടെ പുതിയ ന്യായം ദ്രവ്യത്തെയോ എനര്‍ജിയെയോ നിര്‍മിക്കാനോ നശിപ്പിക്കാനോ കഴിയില്ലെന്ന ഊര്‍ജസംരക്ഷണ നിയമത്തെ ഉദ്ദരിച്ചുകൊണ്ട് ദ്രവ്യത്തെ നിര്‍മിക്കാൻ കഴിയില്ലെങ്കില്‍ സൃഷ്ടി കഴിയില്ല എന്നാണര്‍ത്ഥം. അതിനാല്‍ തന്നെ പ്രപഞ്ചത്തില്‍ ഒരു സ്രഷ്ടാവിനും സ്ഥാനമില്ല എന്ന വാദമാണ്. വാസ്തവത്തില്‍ യുക്തിപരമായോ ആധുനിക ശാസ്ത്രത്തിന്റെ തന്നെയോ അടിസ്ഥാനത്തില്‍ ഒരു നിലനില്‍പ്പും ഇല്ലാത്തൊരു ദുര്‍ബലവാദം മാത്രമാണിത്.
- ഊര്‍ജസംരക്ഷണ നിയമം (Law of conservation of energy) പറയുന്നത് ഭൗതിക പ്രപഞ്ചത്തിനകത്ത് ഭൗതിക നിയമങ്ങളനുസരിച്ച് ഊര്‍ജത്തെയോ ദ്രവ്യത്തെയോ പുതുതായി നിര്‍മിക്കാനോ നശിപ്പിക്കാനോ കഴിയില്ലെന്നും പ്രകൃതി വ്യവസ്ഥ അങ്ങനെയാണ് സ്ഥാപിതമായിരിക്കുന്നത് എന്നുമാണ്. അങ്ങനെ ഭൗതിക നിയമമനുസരിച്ച് നമുക്ക് ദ്രവ്യത്തെയോ പുതുതായി നിര്‍മിക്കാനോ നശിപ്പിക്കാനോ കഴിയില്ല എന്നുപറഞ്ഞു കഴിഞ്ഞാല്‍ അതിനര്‍ത്ഥം പ്രകൃതി നിയമവ്യവസ്ഥക്ക് കീഴൊതുങ്ങി ജീവിക്കുന്ന നമ്മളെക്കൊണ്ട് ഒന്നിനെയും സൃഷ്ടിക്കാന്‍ കഴിയില്ല എന്നും സൃഷ്ടിപ്പ് എന്നത് ദൈവത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന കഴിവാണെന്നുമാണ്. അതല്ലാതെ നമുക്കൊന്നിനെയും സൃഷ്ടിക്കാന്‍ കഴിയില്ല അതുകൊണ്ട് ദൈവത്തിനും സൃഷ്ടിക്കാന്‍ കഴിയില്ല എന്നു വാദിക്കുന്നവര്‍ വാസ്തവത്തില്‍ ചെയ്യുന്നത് ന്യായവൈകല്യങ്ങളെ ഉപാസിച്ച് സ്വന്തം മസ്തിഷ്‌കത്തെ വഞ്ചിക്കുകയാണ്. ഇത്തരം ന്യായവൈകല്യങ്ങളിലൂടെ (Logical fallacies) വേണമെങ്കില്‍ മനുഷ്യന് പറക്കാന്‍ കഴിയില്ല അതുകൊണ്ട് പറവകള്‍ക്കും പറക്കാന്‍ കഴിയില്ല എന്നപോലത്തെ വാദങ്ങളൊക്കെ പറയാം. പറയുന്നത് വിഡ്ഡിത്തമാണെന്ന് സ്വയം തിരിയാത്തവര്‍ക്ക് എന്തും പറയമാല്ലോ…
- വാസ്തവത്തില്‍ ഭൗതിക ശാസ്ത്രരംഗത്ത് ക്വാണ്ടം ഫിസിക്‌സിന്റെയെല്ലാം ഉല്‍പത്തിയോടുകൂടെ തന്നെ ദ്രവ്യത്തിനും ഊര്‍ജത്തിനും തുടക്കവും ഒടുക്കവും ഉണ്ടാകരുതെന്ന നാസ്തികരുടെ പ്രത്യാശ അസ്ഥാനത്തായിരിക്കുന്നു എന്നതാണ് വസ്തുത. ആധുനിക നിരീക്ഷണങ്ങളനുസരിച്ച് പ്രപഞ്ചത്തിന്റെ ജ്യോമട്രി പരന്നാണ് ഇരിക്കുന്നതെന്നും ഒരു പരന്ന പ്രപഞ്ചത്തിന്റെ മുഴുവന്‍ എനര്‍ജി നില (Total Energy) പൂജ്യമായിരിക്കുമെന്നതിനാല്‍ നമ്മുടെ പ്രപഞ്ചമൊന്നാകെ നിലനില്‍ക്കുന്നത് പോസിറ്റീവ് എനര്‍ജിയും നെഗറ്റീവ് എനര്‍ജിയും ആണെന്ന നിഗമനത്തിലാണ് ഇന്നത്തെ ശാസ്ത്രലോകം.
പിണ്ഡമുള്ള ഏതൊരു വസ്തുവിലും അടങ്ങിയിരിക്കുന്ന ഊര്‍ജം പോസിറ്റീവ് എനര്‍ജിയും അതിനു തതുല്യമായ അളവില്‍ നിലനില്‍ക്കുന്ന Gravitational potential energy നെഗറ്റീവുമാണ് ഭൗതികശാസ്ത്രമനുസരിച്ച്. ഇവയുടെ ഒരു വിഭജിത രൂപം മാത്രമാണ് നാം അനുഭവിക്കുന്ന പ്രപഞ്ചം. അഥവാ ഒരു പൂജ്യം എനര്‍ജി യൂണിവേഴ്‌സിനെ ഒരു ശുദ്ധശൂന്യമായ അവസ്ഥയില്‍ നിന്നും സൃഷ്ടിക്കാം ഊര്‍ജസംരക്ഷണ നിയമങ്ങളെ ഖണ്ഡിക്കാതെ തന്നെ.
അഥവാ ഭൗതികശാസ്ത്ര നിയമങ്ങള്‍ അനുസരിച്ചുപോലും പ്രപഞ്ചത്തിന്റെയും ദ്രവ്യത്തിന്റെയും സൃഷ്ടിപ്പ് സംഭവ്യമായ കാര്യം തന്നെയാണ്. അതിന് ദ്രവ്യവും ഊര്‍ജവും പൂജ്യമായ ഒരവസ്ഥയില്‍ നിന്നും അവയെ സൃഷ്ടിച്ചു സംവിധാനിക്കാന്‍ അവിടെ ഒരു സ്രഷ്ടാവിന്റെ സാന്നിധ്യം അനിവാര്യമാണെന്നു മാത്രം!
Comments
Post a Comment