സൃഷ്ടി എന്നത് കഴിഞ്ഞുപോയ ഒന്നായതുകൊണ്ട് തന്നെ നേരില്‍കണ്ടാല്‍ മാത്രമേ വിശ്വസിക്കൂ എന്നു വാശിപിടിക്കുന്നവര്‍ക്ക് അതൊരിക്കലും ബോധ്യപ്പെടുത്തി കൊടുക്കുക സാധ്യമല്ല. എന്നാല്‍ സൃഷ്ടി എന്താണെന്നും സൃഷ്ടിക്കപ്പെട്ട ഒന്നിനുണ്ടായിരിക്കേണ്ട ഗുണങ്ങള്‍ ഏതെല്ലാമാണെന്നും മനസ്സിലാക്കുന്നവര്‍ക്ക് അതിന്റെ യുക്തിപരമായ അവലോകനത്തില്‍ നിന്നു തന്നെ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണോ എന്നും വായിച്ചെടുക്കാന്‍ കഴിയും.
സൃഷ്ടിക്കപ്പെട്ട ഒന്നിനുണ്ടായിരിക്കേണ്ട ഗുണങ്ങളെ പ്രപഞ്ചവുമായി ഇങ്ങനെ താരതമ്യം ചെയ്യാം
- സൃഷ്ടിക്കപ്പെടുന്ന ഏതൊന്നിനും ഒരു ഉല്‍പത്തിയുണ്ടാകും. പ്രപഞ്ചത്തിനും ഉല്‍പത്തിയുണ്ട്. അതുകൊണ്ട് തന്നെ പ്രപഞ്ചവും സൃഷ്ടിക്കപ്പെടാതണെന്നു പറയാന്‍ ന്യായമുണ്ട്.
- പ്രപഞ്ചം സൃഷ്ടിയല്ലെങ്കില്‍ യാദൃശ്ചികതയുടെ ഒരു വികൃതമായ ഉല്‍പന്നം മാത്രമായിരിക്കണമത്. എന്നാല്‍ നാം കാണുന്ന പ്രപഞ്ചം അനേകം പ്രകൃതി നിയമങ്ങളാല്‍ ആസൂത്രിതമാണ്. പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതാണെന്ന് പറയുന്നതിന് മാത്രമേ ഇത് തെളിവാകുന്നുള്ളൂ.
- സൃഷ്ടിക്കപ്പെടുന്ന ഏതൊരു സംവിധാനവും (System) ഉദ്ദേശ്യലക്ഷ്യങ്ങളില്‍ അധിഷ്ഠിതമായിരിക്കും. ചില ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ച് സൃഷ്ടി സംവിധാനം നടക്കുമ്പോള്‍ മാത്രമാണല്ലോ ആ ഉദ്ദേശ്യങ്ങള്‍ക്കനുസൃതമായ ഫലം ആ സംവിധാനത്തില്‍ നിന്നുമുണ്ടാകുന്നത്.
പ്രപഞ്ചത്തിന്റെ കാര്യമെടുത്താല്‍ അടിസ്ഥാന കണികകളും മൗലിക ബലങ്ങളും എല്ലാം കൃത്യമായിട്ടൊരു മേഖലയില്‍ ഉദ്ദേശ്യപൂര്‍വമായ ഒരു ജോലി നിറവേറ്റുന്നതിന്റെ ഫലമാണ് നമ്മള്‍ അനുഭവിക്കുന്ന സകലതും തന്നെ. സ്‌ട്രോങ് ന്യൂക്ലിയര്‍ ഫോഴ്‌സ് ഒരു ആറ്റം ന്യൂക്ലിയസ്സിനുള്ളില്‍ പ്രോട്ടോണ്‍ കണികകളെ ചേര്‍ത്തു നിര്‍ത്തുമ്പോള്‍ ഇലക്‌ട്രോ മാഗ്‌നറ്റിക് ഫോഴ്‌സ് ഇലക്‌ട്രോണിക് ന്യൂക്ലിയസ്സിനു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ പിടിച്ചുനിര്‍ത്തുന്നു. ഈ പദാര്‍ത്ഥ അവസ്ഥയെ സ്തൂല ലോകത്ത് ഒരുമിപ്പിച്ചു നിര്‍ത്തുക എന്നതാണ് ഗ്രാവിറ്റി ചെയ്യുന്ന ധര്‍മം. ഇങ്ങനെ ഓരോന്നും അവയുടെ മേഖലയില്‍ ഒതുങ്ങി നിന്ന് സ്ഥായിയായ ജോലി നിറവേറ്റുന്നതിന്റെ ഫലമാണ് നാം കാണുന്ന പ്രപഞ്ചം. ഇതെല്ലാം തെളിയിക്കുന്നത് ഉദ്ദേശ്യലക്ഷ്യങ്ങളടങ്ങിയ (Purpose ) ഒരു പ്രപഞ്ച സൃഷ്ടിയെയാണ്. - പ്രപഞ്ചത്തില്‍ കാണുന്ന പരസ്പര സന്തുലിതത്വം ഒരിക്കലും യാദൃശ്ചികത കൊണ്ട് സാധ്യമല്ല. മറിച്ച് ഒരു സംവിധാനത്തില്‍ കാണപ്പെടുന്ന പരസ്പര സന്തുലിതമായ ആസൂത്രണം അതിനു പിറകിലെ ബുദ്ധിപൂര്‍വമായ സൃഷ്ടിപ്പിനെയാണ് കാണിക്കുന്നത്. നമ്മുടെ പ്രപഞ്ച സംവിധാനത്തിനെ വിശകലന വിധേയമാക്കിയാല്‍ ഇവിടെ സ്‌പേസിനെ വികസിപ്പിക്കുക എന്ന ധര്‍മം നിറവേറ്റുന്നത് ഡാര്‍ക് എനര്‍ജിയും ഈ വികാസ വേഗതയ്ക്ക് തടയിടുന്നതും കുറയ്ക്കുന്നതും ഗ്രാവിറ്റിയുമാണ്. അഥവാ ഡാര്‍ക് എനര്‍ജി Accelerator എന്നവണ്ണം പ്രപഞ്ചവികാസത്തിന്റെ തോത് വര്‍ധിപ്പിക്കുമ്പോള്‍ ഗ്രാവിറ്റേഷണല്‍ ഫോഴ്‌സ് ഒരു Brake ആയി പ്രവര്‍ത്തിക്കുന്നു. ഇന്നു നാം കാണുന്ന തരത്തില്‍ നക്ഷത്രങ്ങളും ഗ്രഹങ്ങളും ഗ്യാലക്‌സികളുമെല്ലാം നിലനില്‍ക്കുന്നെങ്കില്‍ അത് ഡാര്‍ക് എനര്‍ജിയുടെയും ഗ്രാവിറ്റിയുടെയും സ്‌പേസിലെ സന്തുലിതമായ പ്രവര്‍ത്തന ഫലമാണ്.
ഇവിടെ ഗ്രാവിറ്റിയുടെ അളവ് ലേശം കൂടുതലായി പോയിരുന്നു എങ്കില്‍ പദാര്‍ത്ഥത്തിന്റെ Mutual gravity കൊണ്ട് പ്രപഞ്ചാരംഭത്തോടെ തന്നെ വികാസത്തിനു വിപരീത ദിശയില്‍ കൂടിച്ചേര്‍ന്ന് ഒരു Big Crunch ഓടു കൂടെ പ്രപഞ്ചം അവസാനിച്ചൊടുങ്ങുമായിരുന്നു. ഇനി ഡാര്‍ക് എനര്‍ജിയുടെ അളവായിരുന്നു കൂടുതലെങ്കില്‍ പ്രപഞ്ചം അതിദ്രുതം വികസിച്ച് ഒന്നും മറ്റൊന്നിനോടും കൂടിച്ചേരാത്ത വിരസമായ അവസ്ഥയിലുള്ളൊരു പ്രപഞ്ചമാകുമായിരുന്നു. അവിടെയും ഒരു നക്ഷത്രമോ ഗ്രഹങ്ങളോ ഗ്യാലക്‌സികളോ നിലനില്‍ക്കില്ല. ഇവിടെയെല്ലാം ഗ്രാവിറ്റിയൊരു ബ്രേക്കായും ഡാര്‍ക് എനര്‍ജി ആക്‌സിലേറ്ററായും പ്രവര്‍ത്തിച്ച് സ്‌പേസിന്റെ വികാസത്തെ നിലനില്‍പിനനുകൂലമാക്കുന്നു എന്നു മാത്രമല്ല അവയുടെ മൂല്യങ്ങള്‍ പോലും വളരെ ആസൂത്രിതമാണ്.സൃഷ്ടിക്കപ്പെട്ട ഒരു വൃക്ഷത്തില്‍ മാത്രമേ വ്യത്യസ്തമായ രണ്ടു ബലങ്ങള്‍ പരസ്പരാശ്രിതത്തോടും സന്തുലനത്തോടും ഒരുമിച്ചു പ്രവര്‍ത്തിച്ച് പ്രയോജിതമായൊരു ഫലത്തിനു നിധാനമാവുകയുള്ളൂ.
5. ഒന്നിന്റെ നിലനില്‍പിന് മറ്റൊരു ഘടകം അനിവാര്യമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവ രണ്ടിനെയും ഉള്‍ചേര്‍ത്തുകൊണ്ട് ഒരു സംവിധാനം നിലവില്‍ വരാന്‍ ബുദ്ധിപൂര്‍വമായ സൃഷ്ടികര്‍മം അതിനു പിറകില്‍ ആവശ്യമാണെന്നതുറപ്പാണ്. ഉദാഹരണത്തിന്, ഒരു പൂട്ടും അതിനനുയോജ്യമായ കീയും നിലനില്‍ക്കുന്നവെങ്കില്‍ പരസ്പര ബന്ധിതമായ അവയുടെ സൃഷ്ടിക്കു പിറകില്‍ ഒരു മൂന്നാം കക്ഷി ഉണ്ടായിരിക്കുമെന്നത് നിസ്സംശയമാണ്.
സമാനമായ നിലയില്‍ പദാര്‍ത്ഥ പ്രപഞ്ചത്തെയും ഒരു വിശകലനത്തിനു വിധേയമാക്കിയാല്‍ അവയുടെ സൃഷ്ടിപ്പിനു കാരണമായ ഒരു ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടായിരിക്കണമെന്നത് അനിവാര്യമാണ്. ഉദാഹരണമായി ദ്രവ്യത്തെ തന്നെയെടുക്കാം. നിലനില്‍ക്കാന്‍ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊന്നുമാണ് ദ്രവ്യമെന്നതാണ് ദ്രവ്യത്തെ സംബന്ധിച്ച അടിസ്ഥാന വിശദീകരണം തന്നെ. ഇവിടെ ദ്രവ്യത്തിന് നിലനില്‍ക്കാനായി സ്‌പേസ് ഉണ്ടായിരിക്കേണ്ടതുണ്ടെന്നത് അനിവാര്യതയാണ്. എന്നാല്‍ പരസ്പരം നിലനില്‍ക്കല്‍ അനിവാര്യമായ ദ്രവ്യത്തിന് പക്ഷേ ആ അനിവാര്യത മനസ്സിലാക്കാനോ സ്‌പേസിനെ സൃഷ്ടിക്കാനോ ഉള്ള കഴിവില്ല താനും. എങ്കില്‍ ദ്രവ്യത്തെയും അതിനു നിലനില്‍ക്കാന്‍ അനിവാര്യമായി വേണ്ട സ്‌പേസിനെയും ഒരുമിച്ച് നിര്‍മിക്കാന്‍ ദൈവമെന്നൊരു മൂന്നാം കക്ഷി ദ്രവ്യഇതരമായി ഉണ്ടായിരിക്കണം എന്നതും നിസ്സംശയമാണ്.
ശാസ്ത്രീയവും യുക്തിപരവും തത്വശാസ്ത്രപരവുമായ ഈ അവലോകനങ്ങളില്‍ നിന്നെല്ലാം ബോധ്യമാവുക സൃഷ്ടിക്കപ്പെടാത്ത ഒരു ആദി അസ്തിത്വം പ്രപഞ്ചസൃഷ്ടിക്ക് പിറകില്‍ അനിവാര്യമായും ഉണ്ടായിരിക്കേണ്ടതുണ്ടെന്നാണ്. പക്ഷേ അത് മനസ്സിലാക്കിയെടുക്കാന്‍ ബുദ്ധിപരമായ പ്രപഞ്ചാന്വേഷണങ്ങള്‍ ആവശ്യമാണ്. ഏതൊന്ന് ഉണ്ട് എന്നു മനസ്സിലാക്കാനും സമര്‍ത്ഥിക്കാനും ഇത്തരം പ്രാപഞ്ചിക അറിവുകളും യുക്തിബോധവും തത്വശാസ്ത്രപരമായ അവലോകനങ്ങളും മനുഷ്യനനിവാര്യമായി വരും. ഇത്തരം മസ്തിഷ്‌ക വ്യായാമങ്ങളില്‍ നിന്നും അന്വേഷണ ത്വരയില്‍ നിന്നും രക്ഷപെടാന്‍ പിന്നെയൊരേയൊരു വഴിയേ ഉള്ളൂ. അന്വേഷിക്കാനായി അങ്ങനെ യാതൊന്നും ഇല്ലായെന്ന് അന്ധമായി പറയുക. അങ്ങനെയൊരു അന്ധമായ ഇല്ലാ വാദം പറയുന്നവര്‍ക്ക് അന്വേഷണങ്ങളുടെയോ ഗവേഷണങ്ങളുടെയോ ആവശ്യം പിന്നെയില്ലല്ലോ! ജീവിതം മുഴുവന്‍ അന്ധമായ ഒരു ഇല്ലാ വാദത്തില്‍ വിശ്വസിച്ച് അതിനപ്പുറം ചിന്തിക്കാന്‍ കൂട്ടാക്കാതെ ഭൗതികതയില്‍ മാത്രം അഭിരമിച്ച് ജീവിതം തീര്‍ക്കാം. ദൈവാസ്തിത്വത്തിന്റെ കാര്യത്തില്‍ നിരീശ്വര വിശ്വാസികള്‍ ചെയ്യുന്നതിതാണ്. അന്ധമായി ഒരു ഇല്ലാ വാദത്തില്‍ വിശ്വസിച്ച് മനുഷ്യന്റെ അന്വേഷണ ബുദ്ധിയെക്കൊല്ലുന്ന നിരീശ്വര വിശ്വാസം അക്ഷരാര്‍ത്ഥത്തില്‍ തന്നെ മസ്തിഷ്‌ക മരണമാണെന്ന് ചുരുക്കം. ഈ നിരീശ്വര അന്ധവിശ്വാസത്തിൽ നിന്നും ഭിന്നമായി സ്വതന്ത്രമായി കാര്യങ്ങളെ പഠിക്കുന്ന ആർക്കും സ്രഷ്ടാവിന്റെ അസ്തിത്വം നിസ്സംശയം ബോധ്യമാകും എന്നുറപ്പാണ്…
Comments
Post a Comment