ഭീകരവാദത്തിന്റെ പ്രേരണയും കാരണവും അന്വേഷിച്ചുള്ള നിരവധി സാമൂഹ്യശാസ്ത്ര പഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നാസ്തികര്ക്കാകെ പരിചയം മതമാണ് ഭീകരരെ സൃഷ്ടിക്കുന്നതെന്ന ഡോക്കിന്‍സുമാരുടെ പൊള്ളയായ വര്‍ത്തമാനം മാത്രമാണ്. തങ്ങളുടെ മതവിരോധ മനഃശാസ്ത്രത്തെ തൃപ്തിപ്പെടുത്തലാണ് ലക്ഷ്യം എന്നതുകൊണ്ട് തന്നെ അതിനപ്പുറം ചിന്തിക്കാനോ പഠിക്കാനോ മനസ്സിലാക്കാനോ ഈ സ്വയംപ്രഖ്യാപിത ബുദ്ധിജീവികളൾക്ക് കഴിയുകയുമില്ല. വാസ്തവത്തില്‍ 1400 വര്ഷങ്ങള്ക്കിടയിലൊരിടത്തും മുസ്ലിം പണ്ഡിതലോകത്തിനൊന്നും മനസ്സിലാകാതിരുന്ന ഒരു പ്രത്യേകതരം ഭീകര ആശയം ഇസ്ലാമില്‍നിന്നും വായിച്ചെടുക്കാന്‍ പുതിയ കാലത്തെ കുറച്ച് ഭീകരസംഘങ്ങള്‍ക്ക് മാത്രം കഴിയുന്നു എന്നുവാദിച്ചു വരുന്നത് തന്നെ വിഡ്ഡിത്തമാണ്.
ഇനി ഈ പുതിയകാല ഭീകരസംഘങ്ങളുടെ മാതൃപ്രസ്ഥാനങ്ങളെയും അതിന്റെ പിതാക്കന്മാരെയും എടുത്തു നോക്കിയാലും ഒരു മുഫ്തിമാരെയും കിട്ടില്ല. ഐഎസിന്റെ ഉല്പത്തിക്ക് ഹേതുവായി വര്ത്തിച്ചിട്ടുളളത് അല്‍ ക്വാഇദയുടെ പ്രവര്‍ത്തനങ്ങളാണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാം. അതിന്റെ സ്ഥാപക നേതാക്കളാരും മതപണ്ഡിതരോ മതനേതാക്കളോ പോലുമല്ല. അമേരിക്കന്‍ അധിനിവേശത്തിനെതിരെ ഇറാഖില്‍ പൊരുതാന്‍ ബിന്‍ലാദനാല്‍ നിയമിതനായ, ഐഎസിന്റെ മാതൃസംഘടനയെന്നു വിളിക്കാവുന്ന അല്‍ ക്വാഇദ ഇന്‍ ഇറാക്വ് (IQI)ന് നേതൃത്വം കൊടുത്ത Abu-Musah Al Sarqawi യുടെ ഭൂതകാലം തന്നെ ഇസ്ലാമുമായി പുലബന്ധം പോലുമില്ലാത്തതും അരാജകത്വം നിറഞ്ഞതുമാണ്. കവര്‍ച്ചക്കാരനും കൂട്ടിക്കൊടുപ്പുകാരനും മദ്യപാനിയുമെല്ലാമായിരുന്ന സര്‍ക്വാവി നിയമവിരുദ്ധമായി ആയുധങ്ങള്‍ കയ്യിൽ വെച്ചതിനെ തുടര്‍ന്ന് ജോര്‍ദാനില്‍ പിടിക്കപ്പെടുകയും തുടര്‍ന്ന് ജയിലില്‍വെച്ച് മറ്റു കുറ്റവാളികളില്‍നിന്നാണ് ഭീകരതയുടെ ആശയങ്ങൾ മനസ്സിലാക്കുന്നതുപോലും. അതിനുമുമ്പ് ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ആറു മാസത്തെ ജയില്‍ശിക്ഷ അനുഭവിക്കുക കൂടെ ചെയ്ത ആളാണ് സര്‍ക്വാവി എന്നാണ് ജോര്‍ദാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. ഒരു കവര്‍ച്ചക്കാരനും കൊള്ളക്കാരനും ബലാത്സംഗ പ്രേമിയുമൊക്കെയാണ് ഇസ്ലാമിന്റെ മഹത്തായ വിശുദ്ധ വിപ്ലവം നടത്താന്‍ വന്നിരിക്കുന്നതെന്നും കൂടെ ചേരല്‍ കടമയാണെന്നുമൊക്കെ കരുതുന്നവരെ പോലെ തന്നെ വിഡ്ഡിത്തമാണ് ആ കൊള്ളസംഘം ഇസ്ലാമാണെന്ന് വിമര്‍ശിക്കുന്നതും.
ഐഎസിന്റെ ഈ അടിസ്ഥാന നിലവാരം കേവലം വല്ലുപ്പയായ സര്‍ക്വാവിയില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതല്ല. മറിച്ച് അതിന്റെ ആധുനിക യുദ്ധപ്പോരാളികളുടെയും നിലവാരമില്ലായ്മ സമമാണ്. ഇസ്ലാമിനെ സംബന്ധിച്ച പ്രാഥമിക വിവരം പോലുമില്ലാത്തവര്‍ക്ക് വായിക്കാനുള്ള Islam for Dummies ഉം Koran for Dummies ഉം Amazon വഴി വാങ്ങി വായിച്ചതിന്റെ അടുത്ത ദിവസങ്ങളിലായാണ് ബര്‍മിങ്ഹാം സ്വദേശികളായ Yusuf Sarwar ഉം Mohammed Ahmad ഉം ജിഹാദികളാകാന്‍ സിറിയയിലേക്ക് പലായനം ചെയ്തത് എന്ന വാര്‍ത്ത തന്നെ ഭീകരരുടെ മതനിലവാരം പറഞ്ഞു തരുന്നുണ്ട്.
1400 വര്‍ഷത്തിനിടയ്ക്ക് ഇസ്ലാമിക പണ്ഡിതലോകത്തിന് മനസ്സിലാകാത്ത ഇസ്ലാമിനെ Islam for Dummies വായിച്ചുമാത്രം പരിചയമുള്ളവര്‍ക്ക് കിട്ടുന്നെങ്കില്‍ അവിടെ മതത്തിനപ്പുറം മറ്റു പലതിനും റോള്‍ ഉണ്ട് എന്നതുതന്നെയാണ് വാസ്തവം.
Comments
Post a Comment