സാധാരണയായി മനുഷ്യ ചരിത്രത്തിന്റെ പുസ്തകങ്ങള്‍ തുടങ്ങുന്നത് സൂമറിന്റെയും ഈജിപ്തിന്റെയും നാഗരികതകളില്‍ നിന്നാണ്. ഏകദേശം 3000 ബി.സിയില്‍ നിന്നവിടന്നിങ്ങോട്ട് അവസാനിക്കാത്ത യുദ്ധങ്ങളുടെ നിരകള്‍ അരങ്ങേറിയ ഇടമാണ് ഭൂമി. 1740നും 1897നും ഇടയില്‍ യൂറോപ്പില്‍ മാത്രമുണ്ടായ യുദ്ധങ്ങളും വിപ്ലവങ്ങളുമൊക്കെക്കൂടെ ഇരുന്നൂറില്പരം വരുമെന്നാണ് കണക്ക്. അഥവാ ചരിത്രത്തിലെങ്ങും മനുഷ്യന് എന്തിന്റെയെങ്കിലും പേരിലായി പ്രകടിപ്പിച്ചു കാണുന്ന ഗുണം തന്നെയാണ് പരസ്പരം യുദ്ധം ചെയ്യാനും വെട്ടിപ്പിടിക്കാനുമുള്ള ത്വര. ഇതൊരു അടിസ്ഥാന മനുഷ്യസ്വഭാവമായതുകൊണ്ടുതന്നെ ഇതിന്റെ കാരണങ്ങളന്വേഷിച്ചുള്ള മനഃശാസ്ത്ര പഠനങ്ങള്‍ തീര്‍ത്തും പ്രസക്തമാണ്.
പരിണാമ മനഃശാസ്ത്രജ്ഞര്‍ (Evolutionary Psychologists) ഈ പ്രഹേളികയ്ക്ക് മറുപടിയായി പറയുന്നൊരു കാര്യം ഇതെല്ലാം മനുഷ്യജനിതകത്തിന്റെ തന്നെ ഗുണമാണെന്നാണ്. മനുഷ്യന് സ്വാര്‍ത്ഥ ജീനിനുടമയായതുകൊണ്ടും അതിജീവനത്തിനായും പരിമിത വിഭവങ്ങള്‍(Limited Resources)ക്കായും യുദ്ധം ചെയ്യേണ്ടത് പരിണാമപരമായ ഒരനിവാര്യതയായതു കൊണ്ടും പ്രകൃതി നിര്‍ദാരണം വഴി അത്തരമൊരു ഗുണം വികസിച്ചുണ്ടായിവന്നുവെന്നാണ് ഇത് വിശദീകരിക്കുന്നത്.
മനുഷ്യന്റെ ആക്രമബുദ്ധിയെ ജീവശാസ്ത്രപരമായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. മനുഷ്യനില്‍ പ്രത്യേകിച്ച് പുരുഷഹോര്‍മോണായ Testosterone ന്റെ അളവ് കൂടുതലായിക്കാണുന്നതും പുരുഷനില്‍ നൈസര്‍ഗികമായി അടങ്ങിയിട്ടുള്ള അക്രമ സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്. Serotonin എന്ന മറ്റൊരു ഹോര്‍മോണ്‍ കുറയുന്നതും ഹിംസബുദ്ധിയ്ക്ക് കാരണമാകാം. Serotonin പരീക്ഷണപരമായി മൃഗങ്ങളില്‍ കുത്തിവെക്കപ്പട്ടപ്പോള് അവ കൂടുതല്‍ ശാന്തസ്വഭാവക്കാരായി പ്രകടമായി എന്ന നിരീക്ഷണപരമായ അടിസ്ഥാനം കൂടെ ഇതിനുണ്ട്.
പരിണാമപരവും ജീവശാസ്ത്രപരവുമായ ഇത്തരം തെളിവുകള്ക്കുപുറമെ പുരുഷന്മാരില് പ്രത്യേകിച്ച് ദര്‍ശിക്കാവുന്ന യുദ്ധോത്സുകതയെ വിശദീകരിക്കുന്ന Male Warrior Syndrome Theory യും, സ്വത്വബോധത്തില്‍ പ്രേരിതമായി നടക്കുന്ന മനുഷ്യന്റെ പരസ്പരമുള്ള കടന്നാക്രമണങ്ങളെ വിശദീകരിക്കുന്ന Henri Tajfel ന്റെ Social Identity Theory യുമൊക്കെ ഈ രംഗത്ത് കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ നല്കാന് സഹായകമാണ്. തജ്ഫേലിന്റെ സിദ്ധാന്തപ്രകാരം മനുഷ്യന് എന്നും ഒരു ഗ്രൂപ്പിന്റെ ഭാഗമായി ജീവിക്കാനും അറിയപ്പെടാനും ആഗ്രഹിക്കുന്നവനാണ്. ഒരു ഗ്രൂപ്പിനകത്ത് എത്തുന്നതോടെ ഒരു വ്യക്തി അനുഭവിക്കുക കൂടുതല്‍ സംരക്ഷണവും സുരക്ഷാബോധവുമാണ്. അതവന്റെ അതിജീവനത്തിന് സ്വാഭാവികമായും കൂടുതല്‍ സഹായകരവുമാണെന്ന കാര്യത്തിലും സംശയമില്ല. ഇങ്ങനെ ഒരു സംഘത്തിനകത്ത് ആ ഗ്രൂപ്പ് നല്കുന്ന സുരക്ഷിതബോധം അനുഭവിച്ച് ജീവിക്കുന്നവര്‍ രണ്ടു തരത്തിലായിരിക്കും ലോകത്തെ നോക്കിക്കാണുക. ഒന്ന് തന്റെ സംഘത്തിനകത്തുള്ളവരെ സഹോദര മനുഷ്യരായും (In group), അതല്ലാത്തവരെ അന്യമനുഷ്യരായും. ഇങ്ങനെ നിലനില്‍ക്കുന്ന ഒരു ഗ്രൂപ്പ് പുറംലോകവുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുമ്പോള്‍ വ്യക്തിപരമായ സ്വത്വബോധം മനുഷ്യനു നശിക്കുകയും ഗ്രൂപ്പിന്റെ മൊത്തം ചോതനയ്ക്കും, ലക്ഷ്യത്തിനും അനുസരിച്ചവരുടെ പ്രവൃത്തികള്‍ നിശ്ചയിക്കപ്പെടുകയുമൊക്കെ ഉണ്ടാകുന്നു എന്നാണ് de-individuation theory പറയുന്നത്. അഥവാ ഒറ്റയ്ക്കുള്ളപ്പോള്‍ ഉള്ള വ്യക്തി ആയിരിക്കില്ല മനഃശാസ്ത്രപരമായി മനുഷ്യൻ ഒരു സംഘത്തിനകത്ത് ആകുമ്പോൾ. തന്റെ സംഘം പുറംലോകവുമായി ഒരു സായുധ സംഘര്‍ഷത്തിലാണെങ്കില്‍ അയാള്‍ കൂടുതല്‍ ആക്രമണത്വരയോടെ ആ സംഘബോധത്തിന്റെ കൂടെയാണ് നിക്കുക. യുദ്ധങ്ങളുടെയും ആള്‍ക്കൂട്ട കൊലപാതകങ്ങളുടെയും ഒക്കെ യുക്തിയതാണ്.
നിലനില്‍ക്കുന്ന ഗ്രൂപ്പുകള്‍ക്കിടയില്‍ എന്തുകൊണ്ട് സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നു എന്നതും പുരുഷന്മാർ മാത്രം എന്തുകൊണ്ട് കൂടുതല്‍ ആക്രമണബുദ്ധിയുള്ളവനായിയെന്നും മെയില്‍ വാരിയര്‍(male warrior) തിയറിയുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതാണ് എളുപ്പം.
പരിണാമപരമായി പറഞ്ഞാല്‍ ഒരു സംഘത്തിനകത്ത് ജീവിക്കുന്നതാണ് വ്യക്തിയുടെ അതിജീവനത്തിന് കൂടുതല്‍ യോജിച്ചതെന്ന കാര്യം വിശദീകരിച്ചതാണ്. ഇങ്ങനെ സംഘമാകുമ്പോള്‍ ലഭിക്കുന്ന സുരക്ഷാബോധം മാത്രമല്ല ലാഭം. സംഘപരമായി വ്യക്തി കൂടുതല്‍ കരുത്തനാവുക കൂടിയാണ് അവിടെ സംഭവിക്കുന്നത്. ഈ കരുത്തിനെ ഉപയോഗപ്പെടുത്തി അന്യസംഘങ്ങളെയും ഗോത്രങ്ങളെയും ആക്രമിക്കുന്നതും വ്യക്തിപരമായി മനുഷ്യന് ഗുണം തന്നെയാണ്. കാരണം പരിമിതമായ വിഭവങ്ങള്‍ക്കായുള്ള യുദ്ധത്തിലാണ് പ്രത്യക്ഷമായും പരോക്ഷമായുമൊക്കെ മനുഷ്യര്‍. അതിനാല്‍ തന്നെ ഒരന്യ ഗോത്രത്തെ ആക്രമിക്കുന്നതിലൂടെ കൂടുതല്‍ വിഭവങ്ങളും പ്രദേശങ്ങളും പ്രത്യുല്പാദന ഇണകളും കീഴ്പ്പെടുകയാണ് സംഭവിക്കുന്നത്. അങ്ങനെതന്നെ ഈ വിജയികളുടെ ജീനുകളായിരിക്കും കൂടുതല്‍ അതിജയിക്കുന്നതും. പുരുഷന്മാരില് സ്വന്തം ഗ്രൂപ്പിനോട് അധികതാല്പര്യം കാണുന്നതിന്റെയും അന്യസംഘങ്ങളുമായുള്ള സംഘര്ഷബുദ്ധിയുടേയുമൊക്കെ അടിസ്ഥാനം ഇതാണെന്നാണ് മെയില്‍ വാരിയല്‍ സിന്‍ഡ്രോം സിദ്ധാന്തിക്കുന്നത്.
ഇത് ശരിക്കൊന്ന് പുരുഷ ബുദ്ധിയെ നിരീക്ഷിച്ചാല്‍ തന്നെ മനസ്സിലാകുന്ന കാര്യമാണ്. പെണ്‍കുട്ടികള്‍ പാവകളുമൊത്ത് കളിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ആണ്‍കുട്ടികള്‍ തോക്കുപോലുള്ള ആയുധ സമാനമായ കളിപ്പാട്ടങ്ങളെ ഇഷ്ടപ്പെടുന്നു. കൂടുതല്‍ സംഘട്ടന രംഗങ്ങളുള്ള സിനിമകളെ അമിതാവേശത്തോടെ കാണുന്നു.
ഈയടുത്ത് വന്പുരുഷാകര്ഷണം നേടിയെടുത്ത Pub-G പോലുള്ള Gameകള്‍ക്ക് പിറകിലുള്ള മനഃശാസ്ത്രം പോലുമിതാണ്. Game രൂപത്തിലാണെങ്കിലും പരസ്പരം സായുധമായി ആക്രമിക്കുമ്പോഴും കൊല്ലുമ്പോഴും അതില്‍ സുഖിക്കുന്ന ഒരു പ്രാകൃത മനുഷ്യന്റെ ജനിതക ഗുണം നമുക്കുള്ളിലുണ്ട്.
പറഞ്ഞുവന്നത് യുദ്ധങ്ങളും, പരസ്പര ആക്രമങ്ങളും, രക്തച്ചൊരിച്ചിലും, എല്ലാം മനുഷ്യനാഗരികതകളിലെല്ലാം ആവര്‍ത്തിച്ചിട്ടുള്ളതാണ്. മനുഷ്യനും ആ പ്രകൃതമുള്ക്കൊള്ളുന്നവനാണ്. അത് പ്രകടമാകാന്‍ ഉതകുന്ന സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടുകളില്‍ അത് പുറത്തുവരികയും ചെയ്യുന്നു. ഐഎസിന്റെയും അല്‍ ക്വാഇദയുടെയുമൊക്കെ ഉല്പത്തി പരിസരത്തെ മനഃശാസ്ത്രപരമായി വിലയിരുത്തിയാല്‍ അകത്തു മറഞ്ഞിരിക്കുന്ന ഒരു ഭീകരവാദിയെ മനുഷ്യനില്‍ സൃഷ്ടിക്കാന്‍ പോന്ന സാമൂഹ്യ രാഷ്ട്രീയ പരസരങ്ങളും പ്രോപ്പഗണ്ടകളും അതിനുപിറകില്‍ ഉണ്ട്.
Comments
Post a Comment